International
വാഷിംഗ്ടൺ ഡിസി: ചുങ്കവിഷയത്തിൽ പ്രസിഡന്റ് ട്രംപിനെതിരേ വിമർശനവുമായി യുഎസ് സുപ്രീംകോടതി. രാജ്യങ്ങൾക്ക് പിഴച്ചുങ്കം ചുമത്തുന്നതിൽ ട്രംപിനുള്ള അധികാരത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.
ചുങ്കങ്ങൾ യുഎസ് ജനതയെ ബാധിക്കില്ലെന്നും ജനങ്ങൾക്കുമേലുള്ള നികുതി അല്ലെന്നും സർക്കാർ സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജിമാര്‍ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കന്‍ ജനങ്ങള്‍ക്കു ബാധ്യതയായി തീരുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ പ്രസിഡന്റ് കവർന്നെടുക്കുകയാണെന്നും കോണ്‍ഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു.
ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കൻ നിയമങ്ങൾക്കു വിരുദ്ധമാണെന്ന് കീഴ്കോടതികൾ നേരത്തേ വിധിച്ചിരുന്നു.
ഇതിനെതിരേ ട്രംപ് ഭരണകൂടം നല്കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
NRI
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ശക്തമായ വിമർശനം നടത്തി യുഎസ് സുപ്രീംകോടതി. വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
പകരം തീരുവ ഏർപ്പെടുത്തിയതിന് കാരണമായി യുഎസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് പോകാതിരിക്കാനുമാണ് പകരം തീരുവ വിവിധ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയത് എന്നായിരുന്നു പ്രസിഡന്റ് അഡ്മിസ്ട്രേഷന് വേണ്ടി ഹാജരായ യുഎസ് സോളിസിറ്റർ ജനറൽ ജോൺ സൗവറിന്റെ വാദം. കേസിൽ ഇപ്പോഴും കോടതിയിൽ വാദം തുടരുകയാണ്.
നേരത്തേ കേസ് വാദം കേൾക്കാൻ താൻ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു. ട്രംപിന്റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു.
സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാർഥ്യം.